Monday, October 25, 2010

ക്രൂശിതനായ യേശു - ഖലീൽ ജിബ്രാൻ


ജിബ്രാന്റെ ഒരു ചിത്രം (റ്റു ക്രോസെസ്)

ക്രൂശിതനായ യേശു.
ജിബ്രാൻ ഖലീൽ ജിബ്രാൻ
വിവർത്തനം: മമ്മൂട്ടി കട്ടയാട്..


ഇന്ന് - എല്ലാ വർഷവും ഇതു പോലൊരു ദിവസം - മൗഷ്യത്വം ഗാഢ നിദ്രയിൽ നിന്നെഴുന്നേറ്റ് തലമുറകളുടെ ആത്മാവുകൾക്കു മുമ്പിൽ ചെന്നു നിന്ന് ജൽജൽ പർവ്വതത്തിൽ മരക്കുരിശിൽ ക്രൂശിക്കപ്പെട്ട നസ്രേത്തിലെ യേശുവിന്റെ നേർക്ക് നിറകണ്ണുകളുമായി നോക്കി നിൽക്കുന്നു.... പകലിന്റെ കുഴിമാടത്തിൽ പോയി ദിനകരൻ അപ്രത്യക്ഷമാകുന്ന സമയം മനുഷ്യത്വം തിരിച്ചു വന്ന് ഓരോ കുന്നിൻ മുകളിലും താഴ്വരകളിലും പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾക്കു മുമ്പിലെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇന്ന് ലോകത്തെമ്പാടുമുള്ള നസ്രാണിമാരുടെ ആത്മാവുകളുടെ ഓർമ്മകൾ ജെറൂസലേം പട്ടണത്തിന്റെ സമീപത്തെത്തി തുടിക്കുന്ന ഹൃദയവുമായി നിരനിരയായി നില്ക്കും. എന്നിട്ട് മൃത്യുവിന്റെ മൂടുപടത്തിനു പിന്നിൽ നിന്ന് ജീവിതത്തിന്റെ അഗാധതയിലേക്കു കണ്ണും നട്ടിരിക്കുകയും അനന്തതയിലേക്ക് കൈകൾ വിരിച്ചു നില്ക്കുകയും ചെയ്യുന്ന മുൾകിരീടം ചൂടിയ ആ ഭീമാകാര രൂപത്തിലേക്ക് ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും.

ക്രിസ്ത്യാനികൾ മടങ്ങി വന്ന് വിസ്മൃതിയുടെ നിഴലിൽ മരവിപ്പിന്റെയും വിഡ്ഢിത്തത്തിന്റെയും പുതപ്പിനടിയിൽ കൂട്ടം കൂട്ടമായി കിടന്നുറങ്ങുന്നതു വരേയ്ക്കും പകലിന്റെ അരങ്ങിനു മുമ്പിൽ രാത്രി തന്റെ തിരശ്ശീല താഴ്ത്തിയിടാറില്ല.

ഓരോ വർഷവും ഈ ദിവസം എല്ലാ തത്വ ചിന്തകരും അവരുടെ ഇരുണ്ട ഗഹ്വരങ്ങളിൽ നിന്നും ബുദ്ധിജീവികൾ അവരുടെ തണുത്ത പർണ്ണ ശാലയിൽ നിന്നും കവികൾ അവരുടെ സാങ്കല്പ്പിക താഴ്വരയിൽ നിന്നും പുറത്തു വന്ന് ഒരുമിച്ച് ആ വലിയ മലയുടെ മുകളിൽ കയറിനിന്ന്, ദൂരെ നിന്നും ഒരു യുവാവ് തന്റെ ഘാതകനോട് വിളിച്ചു പറയുന്ന വാക്കുകളിലേക്ക് ചെവികൂർപ്പിച്ചു നില്ക്കുന്നു. ആ യുവാവ് പറയുന്നു: ‘എന്റെ പിതാവേ, നീ ഇവർക്കു പൊറുത്തു കൊടുക്കണം. ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർക്കറിയില്ല’... പക്ഷേ, തത്വചിന്തകരും കവികളും മടങ്ങി വന്ന് പഴകി ദ്രവിച്ച പുസ്തകത്താളുകളിൽ അവരുടെ ആത്മാവുകളെ മറവു ചെയ്യുന്നതു വരേ ദീപ്തിയുടെ ആരവങ്ങളെ മൌനം അനാവരണം ചെയ്യാതെയിരിക്കുന്നു.

ജീവിതത്തിന്റെ മനോഹാരിതയിൽ നിമഗ്നരായ സ്ത്രീകൾ ആടയാഭരണങ്ങളെടുത്തണിഞ്ഞ് സ്വന്തം ഭവനത്തിൽ നിന്നുമിറങ്ങി, കുരിശിനു താഴെ ശീതക്കാറ്റേറ്റ് ദുർബ്ബലമായ വൃക്ഷത്തെപ്പോലെ ഖിന്നയായി നിൽക്കുന്ന ഒരു സ്ത്രീയെക്കാണാൻ, വന്നു നിന്നു. അവളുടെ നോവുന്ന ദുഖങ്ങളും അഗാധമായ രോദനവും കേൾക്കാൻ അവർ കൂടുതൽ അടുത്തു ചെന്നു.

ആ സമയം കാലത്തിന്റെ വിദ്യുത്പ്രവാഹത്തിൽ നൃത്തം ചെയ്യുന്ന ചെറുപ്പക്കാരും കുട്ടികളും, ആകാശത്തിനും ഭൂമിക്കുമിടയിൽ കെട്ടിത്തൂക്കിയ ഒരാളുടെ രണ്ടു പാദങ്ങളിൽ നിന്നും രക്ത കണങ്ങൾ കണ്ണീരു കൊണ്ടു കഴുകിക്കളയുന്ന മുടിമെടഞ്ഞിട്ട പെൺകുട്ടിയെ കാണാൻ പിന്നിലേക്ക് തല തിരിച്ചു നോക്കിക്കൊണ്ട് ഒരു നിമിഷം നിശ്ചലരായി. ഈ രംഗം കണ്ടു മടുക്കുമ്പോൾ അവർ വീണ്ടും മുഖം തിരിച്ച് ചിരിയിലും കളിയിലും മുഴുകി.

ഓരോ വർഷവും ഇതേ ദിവസം മനുഷ്യത്വം വസന്തത്തിന്റെ ഉന്മേഷത്തോടെ ഉണർന്നെഴുന്നേറ്റ് നസ്രേത്തുകാരന്റെ നോവുകൾക്കു മുമ്പിൽ വന്നു നിന്ന് ഏറെ നേരം കരഞ്ഞ ശേഷം കൺപോളകൾ മുറുക്കെയടച്ച് അഗാധമായ നിദ്രയിലേക്ക് കൂപ്പു കുത്തുന്നു. ആ സമയം വസന്തം സുസ്മേര വദനനയായി എഴുന്നേൽക്കുകയും പൊന്നിൻ കസവണിഞ്ഞ, ചേലകളിൽ സുഗന്ധം പൂശിയ വേനലായി രൂപാന്തരപ്പെടുകയും ചെയ്യുന്നു .

തലമുറകളുടെ നായകന്മാർക്കുവേണ്ടി കരയുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മൗഷ്യത്വം ഒരു പുരുഷനായിരുന്നെങ്കിൽ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു.

കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാൽ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പിൽ ചെന്നു നില്ക്കാൻ അതിനു ഭയമാണ്‌.

കുറ്റവാളിയെപ്പോലെ ക്രൂശിക്കപ്പെടുകയും ദുർബ്ബലനെപ്പോലെ നിന്ദിക്കപ്പെടുകയും ദരിദ്രനെപ്പോലെ ജീവിക്കുകയും പാവപ്പെട്ടവനായി പിറക്കുകയും ചെയ്ത നസ്രേത്തിലെ യേശുവിനെ കാണുമ്പോൾ മനുഷ്യത്വം കരയുകയും വിലപിക്കുകയും അനുശോചിക്കുകയും ചെയ്യുന്നു. ഇതെല്ലാം അദ്ദേഹത്തോടുള്ള ആദരവു കൊണ്ടാണ്‌.

പത്തൊമ്പതു തലമുറകളായി മാനവ സമൂഹം യേശുവിന്റെ ദൗർബ്ബല്യത്തെ ആരാധിച്ചു കൊണ്ടിരിക്കുന്നു. യേശുവാണെങ്കിലോ അതിശക്തനും. എന്നാൽ എന്താണ്‌ യഥാർത്ഥ ശക്തി എന്ന് അവർക്കാർക്കുമറിയില്ല.

യേശു ഭീരുവും ദരിദ്രനുമായിട്ടല്ല ജീവിച്ചത്, വേദനിക്കുന്നവനും വേവലാതിക്കാരനുമായിട്ടുമല്ല മരിച്ചത്, അദ്ദേഹം വിപ്ലവകാരിയും ശക്തനും കരുത്തനുമായിട്ടാണ്‌ ജീവിച്ചത്. തന്റേടിയായിട്ടാണ്‌ മരിച്ചത്.

ചിറകുകളൊടിഞ്ഞ പക്ഷിയായിരുന്നില്ല യേശു; മറിച്ച് എല്ലാ വളഞ്ഞ പക്ഷങ്ങളെയും ഒടിച്ചു കളയുന്ന കൊടുങ്കാറ്റായിരുന്നു.

വേദനയെ ജീവിതത്തിന്റെ ചിഹ്നമാക്കി മാറ്റാൻ നീലമേഘങ്ങൾക്കിടയിലൂടെ വന്നവനല്ല യേശു. ജീവിതത്തെ സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അടയാളമായികാണിക്കാൻ ആഗതനായവനായിരുന്നു.

തന്റെ അക്രമികളെ യേശു ഭയപ്പെട്ടിരുന്നില്ല. തന്റെ ശത്രുക്കളെ പേടിച്ചിരുന്നില്ല. തന്റെ കൊലയാളികൾക്കു മുമ്പിൽ വേദനിച്ചിരുന്നില്ല. പ്രത്യുത അദ്ദേഹം സ്വതന്ത്രനും സാക്ഷികളുടെ മുമ്പിൽ ധീരനായി നില കൊണ്ടവനും അക്രമത്തിനും ഉന്മൂലനത്തിനും നേരെ നിർഭയനായി പോരാടിയവനുമായിരുന്നു. നാറുന്ന വ്രണങ്ങളെ അദ്ദേഹം വെറുത്തു, ദുഷിച്ച സംസാരം കേൾക്കുമ്പോൾ നിശബ്ദനായി. അഹങ്കാരത്തെ കണ്ടു മുട്ടിയാൽ അതിനെ തല്ലിത്താഴെയിട്ടു.

നിലം പൊത്തിയ കല്ലുകൾ കൊണ്ട് സന്യാസ മഠങ്ങളും ആശ്രമങ്ങളും ഉണ്ടാക്കാൻ അത്യുന്നതമായ പ്രകാശ ഗോപുരത്തിന്റെ മുകളിൽ നിന്നും താഴോട്ട് ഇറങ്ങി വന്നവനല്ല യേശു. പുരോഹിതന്മാരും പാതിരിമാരുമാക്കി നേതൃത്വത്തിലവരോധിക്കാനായി കരുത്തരായ പുരുഷന്മാരെ അദ്ദേഹം തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ച്, തലയോട്ടികളിൽ പടുത്തുയർത്തിയ സിംഹാസനങ്ങളുടെ അടിവേരറുക്കാനും കുഴിമാടങ്ങൾക്കു മുകളിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളെ പൊളിച്ചു മാറ്റാനും ദുർബ്ബലരായ പാവങ്ങളുടെ ശരീരത്തിനു മീതെ നാട്ടിയ ബിംബങ്ങളെ തച്ചുടയ്ക്കാനും ശേഷിയുള്ള ശക്തമായ ഒരു പുതു ജീവൻ ഈ ലോകത്തിന്റെ വിഹായസ്സിലേക്ക് പ്രക്ഷേപണം ചെയ്യാനാണ്‌ യഥാർത്ഥത്തിൽ യേശു സമാഗതനായത്.

ഇരുട്ടും തണുപ്പും നിറഞ്ഞ ഭവനങ്ങൾക്കും വൃത്തികെട്ട ചേരികൾക്കും സമീപം അംബര ചുംബികളായ പള്ളികളും ഭീമാകാരങ്ങളായ ആരാധനാലയങ്ങളും നിർമ്മിക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ പഠിപ്പിക്കാനല്ല യേശു വന്നത്. പിന്നെ മനുഷ്യ ഹൃദയം എങ്ങിനെ ഒരു കോവിലാക്കാമെന്നും അവന്റെ ശരീരം എങ്ങിനെ ഒരു അൾത്താരയാക്കാമെന്നും അവന്റെ ബുദ്ധിയെ എങ്ങിനെ ഒരു വിദൂഷകനാക്കാമെന്നും പഠിപ്പിക്കാനാണ്‌ യേശു ആഗതനായത്.

ഇതാണ്‌ നസ്രേത്തിലെ യേശു ചെയ്തത്. വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ കുരിശിലേറ്റാനുള്ള അടിസ്ഥാന കാരണവും ഇതാണ്‌. മനുഷ്യനു ബുദ്ധിയുണ്ടെങ്കിൽ ഇന്നേ ദിവസം അവൻ വിജയത്തിന്റെയും ഹർഷാരവങ്ങളുടെയും സംഗീതങ്ങളാലപിച്ച് ആഹ്ലാദിക്കുമായിരുന്നു.

ഓ, ക്രൂശിതനും തന്റേടിയുമായ പ്രഭോ, താങ്കൾ ജൽജലാ പർവ്വതത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ നിന്നു കൊണ്ട് തലമുറകളുടെ പരേഡുകൾ വീശ്ചിക്കുന്നു, സമൂഹങ്ങളുടെ ഇരമ്പൽ കേൾക്കുന്നു, അനശ്വര സ്വപ്നങ്ങളെ മനസ്സിലാക്കുന്നു.

ചോരയിൽ കുളിച്ച മരക്കുരിശിൽ കിടയ്ക്കുന്ന അങ്ങേയ്ക്ക് ആയിരം സാമ്രാജ്യങ്ങളിലെ ആയിരം സിംഹാസനങ്ങളിലെ ആയിരം രാജാക്കന്മാരേക്കാൾ അന്തസ്സും ആഭിജാത്യവുമുണ്ട്.
ഈ നൊമ്പരങ്ങളെല്ലാമുണ്ടായിട്ടും താങ്കൾ പൂക്കൾ വിരിഞ്ഞ വസന്തത്തേക്കാൾ ഉന്മേഷവാനായിരിക്കുന്നു. ഈ വേദനകൾക്കു നടുവിലും ആകാശത്തിലെ മാലാഖമാരെക്കാൾ ശാന്തനായിരിക്കുന്നു. ആരാച്ചാരുമാർക്കു നടുവിലും സൂര്യപ്രകാശത്തേക്കാൾ സ്വതന്ത്രനുമായിരിക്കുന്നു.

അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുൾക്കിരീടം (പേർഷ്യൻ രാജാവ്) ബഹ്‌റാമിന്റെ കിരീടത്തേക്കാൾ മനോഹരവും പവിത്രവുമാണ്‌. അങ്ങയുടെ ഉള്ളംകൈകളിൽ തറച്ച ആണികൾ ജുപ്പിറ്റർ ദേവന്റെ ഗഥയേക്കാൾ മഹത്തരമാണ്‌. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങൾ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാൾ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കൾക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കൾക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവർക്കറിയില്ല എങ്ങനെയാണ്‌ അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവർക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്.

Sunday, August 22, 2010

മുന്നറിയുപ്പുകാരൻ - ഇമാം ശാഫി(റ)



മുന്നറിയുപ്പുകാരൻ അതായത് “നര”
ഇമാം ശാഫി(റ)
ഈജിപ്ത് (ജനനം: ഹിജ്റ വർഷം: 150 , മരണം: ഹി. 204 )


മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്.

പ്രായമാകുമ്പോൾ തലയിൽ കടന്നു കൂടുന്ന നരയെ ഖുർആൻ വിശേഷിപ്പച്ചത് മുന്നറിയുപ്പുകാരൻ എന്നാണ്‌. ഇനി പഴയതു പോലെയൊന്നും പോയാൽ പോര. സൽക്കർമ്മങ്ങൾ കൂടുതൽ ചെയ്ത്, ദുഷ്കർമ്മങ്ങളിൽ നിന്നൊക്കെ വിട്ടു നിന്ന് മരണാനന്തര ജീവിതത്തിലേക്ക് എന്തൊങ്കിലുമൊക്കെ സമ്പാദിക്കണം എന്ന് ഒരോ നരച്ച മുടിയും മനുഷ്യനോട് വിളിച്ചു പറയുന്നുണ്ട് - ഈ വിഷയത്തിൽ ഇമാം ശാഫി എഴുതിയ ഒരു പ്രസിദ്ധമായ കവിതയുടെ പദ്യ വിവർത്തനം ഇവിടെ വായിക്കുക)

കെട്ടുപോയെന്നാത്മാവിലെ തീ
കത്തിയെപ്പോഴെൻ മൂർദ്ധാവിലഗ്നി

കൊള്ളിയാനൊളി തീർത്ത രാവിലിരുട്ടിന്റെ-
യുള്ളിലേക്കാണ്ടുപോയെന്റെയാ രാത്രികൾ.

കാകനകലേക്കു പോയ ശേഷം നത്ത്
കൂടു കൂട്ടാനെന്റെ നെറുകയിൽ ചേക്കേറി. (1)

“കണ്ടു നീയെൻ കൂര ജീർണ്ണിച്ചു പോയതായ്
പണ്ടേ നിനക്കങ്ങു പഴയതല്ലോ പ്രിയം“

നര വന്നു ശിരസ്സങ്ങു വെട്ടിത്തിളങ്ങിയാൽ
മർത്ത്യനെങ്ങാനന്ത,മെല്ലാമെരിഞ്ഞിടും.

അന്തസ്സു മുഴുവനും നര വരും മുമ്പാണ-
തന്തകനായ് മാറിടും യൗവ്വനനത്തിന്‌

നര കൊണ്ടു മഞ്ഞളിക്കും മനുജനിൽ നിന്നു
ദൂരെ മറഞ്ഞു പോമാ നല്ല നാളുകൾ.

വെടിയണം തിന്മകളാ വേളയിൽ നല്ലൊ-
രടിമയ്ക്കു തെല്ലും നിരക്കാത്തതാണവ.

വ്യക്തിക്കുമുണ്ടന്നു വീട്ടാൻ “സക്കാത്തു”കൾ
സ്വത്തിനുമെന്നതു പോൽ കണക്കെത്തവേ,

നന്മകൾ ചെയ്തു കൊണ്ടുടമയായ് മാറുക
മേന്മയുള്ളിടപാടതാണെന്നതോർക്കുക. (3)

ഭൂമിക്കു മുകളിലായ ഹുങ്കിൽ നടക്കൊല്ല
താമസിയാതതു നിന്നെ വിഴുങ്ങിടും. (2)

ആരാണു പാരിനെ വാരിപ്പുണർന്നത്?
ആസ്വദിച്ചേനതിൻ കയ്പ്പും മധുരവും.

മിഥ്യയാണതു കൊടും ചതിയുമാണാ മരു
വീഥിയിൽ കാണും മരീചികയല്ലയോ!.

നാറുന്ന ശവമാണു ദുനിയാവു മൊത്തവും
നായ്ക്കൾ കടിച്ചതു കീറുന്നുവാർത്തിയാൽ.

മാറി നടക്കുകിൽ നീ തന്നെ ഭാഗ്യവാൻ
കേറിപ്പിടിക്കിലോ നായോടു പൊരുതണം.

വിരിയിട്ടു കതകുകൾ ചാരിയാത്മാവിനു
പരി രക്ഷ നൽകിയാൽ നീ ധന്യനായിടും.
-------------------------
(1) മൂർദ്ധാവിലെ അഗ്നി, കൊള്ളിയാൻ, നത്ത് ഇതെല്ലാം വെളുത്തു നരച്ച മുടിയെയും, രാത്രി, കാകൻ എന്നിവ കറുത്ത മുടിയെയെയും സൂചിപ്പിക്കുന്നു.

(2) നീ മരിച്ച് മണ്ണിൽ മറമാടപ്പെടും എന്നർത്ഥം.

(3) ഉദാര പൂർണ്ണമായ നന്മ കൈമാറ്റം ചെയ്ത് ജനങ്ങളുടെ വിധേയത്തം പകരം വാങ്ങുന്ന ക്രയ വിക്രയമാണ്‌ ഏറ്റവും നല്ല കച്ചവടം എന്ന് കവി ഓർമ്മിപ്പിക്കുന്നു.

Thursday, July 29, 2010

ജീവിതാഭിലാഷം. - അബുൽ ഖാസിം അൽ ശാബി (ടുണീഷ്യ)


അബുല്‍ ഖാസിം അല്‍ ഷാബി

(ചില കവിതകൾ അവയ്ക്കു ജന്മം നൽകിയ കവികളേക്കാൾ പ്രശസ്തമാവുന്നുണ്ടോ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്‌. അത്തരം ഒരു കവിതയാണ്‌ 'അകാലത്തിൽ പൊലിഞ്ഞു പോയ തുണീഷ്യൻ കവി അബുൽ ഖാസിം അൽശാബിയുടെ 'ഈറാദതുൽ ഹയാത്‌' എന്ന കവിത. ആത്മവിശ്വാസത്തിനു തീക്കൊളുത്തുന്ന കവിത ഉയരങ്ങൾ തേടുന്ന ഓരോ വിദ്യാർത്ഥിയും മനസ്സിൽ കൊണ്ടു നടക്കേണ്ടതാണ്‌.

അൽ ശാബി 1909 ഫെബ്രുവരി 24 ന്‌ ജനിച്ചു. 1934 ഒക്റ്റോബർ 9-ന്‌ ദീർഘകാലമായി അദ്ദേഹത്തെ വേട്ടയാടിയിരുന്ന ഹൃദയ സംബന്ധമായ ഒരസുഖത്തെത്തുടർന്ന് അന്തരിച്ചു.)

ജീവിതാഭിലാഷം.
അബുൽ ഖാസിം അൽ
ശാബി (ടുണീഷ്യ)
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌ - ദുബൈ.


ഒരു സമൂഹം ജീവിതത്തെ അന്വേഷിച്ചിറങ്ങിയാൽ
തലവരകൾ അവർക്കു മുമ്പിൽ അടിയറവു പറയും,
രാത്രികൾ വഴിമാറും,
ചങ്ങലകൾ പൊട്ടിച്ചിതറും.

ജീവിതാഭിലാഷത്തെ വാരിപ്പുണരാതിരിക്കുന്നവൻ;
വായുമണ്ഡലത്തിൽ ആവിയായിപ്പോവുകയും
നാമാവശേഷമാവുകയും ചെയ്യും.

ജീവിതത്തോട്‌ താൽപ്പര്യമില്ലാത്തവന്റെ കാര്യം കഷ്ടം തന്നെ;
പ്രജാപതിയായ ശൂന്യതയുടെ പ്രഹരം അവന്‌ സഹിക്കേണ്ടി വരും

അങ്ങനെയാണ്‌ പ്രപഞ്ചം എന്നോട്‌ പറഞ്ഞത്‌;
അതിന്റെ ഒളിച്ചിരിക്കുന്ന ആത്മാവിനും
പറയാനുണ്ടായിരുന്നത്‌ മറ്റൊന്നല്ല.

കാറ്റ്‌ മലയിടുക്കുകളുടെയും
പർവ്വതങ്ങളുടെയും വൃക്ഷങ്ങളുടെയും മുകളിലൂടെയും വീശിക്കൊണ്ടിരുന്നു,

ലക്ഷ്യങ്ങളെ പ്രാപിക്കാനുള്ള ആഗ്രഹം എന്നിൽ പതഞ്ഞു പൊങ്ങുമ്പോൾ
ഞാൻ അഭിലാഷങ്ങളുടെ പുറത്തു കയറി കുതിക്കുകയും
അപകടങ്ങളെ വിസ്മരിക്കുകയും ചെയ്യും.

കുണ്ടും കുഴിയുമുള്ള പാതയോരങ്ങളെയും,
ആളിക്കത്തുന്ന അഗ്നികുണ്ഠങ്ങളെയും ഭയന്ന് പിന്മാറുകയുമില്ല.

കൊടുമുടികൾ കീഴടക്കാൻ ആഗ്രഹിക്കാത്തവൻ
കാലം മുഴുവൻ കുഴിയിൽ കഴിയേണ്ടി വരും.
അതിനാൽ ചോര തുടിക്കുന്ന യൗവ്വനം
എന്റെ ഹൃദയത്തിൽ നിന്നു നിലവിളിച്ചു,
കൊടുങ്കാറ്റ്‌ എന്റെ നെഞ്ചിനുള്ളിൽ ചുഴറ്റിയടിച്ചു.

ഇടിനാദത്തിന്റെ മുഴക്കത്തിനും
കാറ്റിന്റെ ഇരമ്പലിനും
പേമാരിയുടെ കലപിലകൾക്കും ഞാൻ ചെവി കൊടുത്തു

ഞാൻ ഭൂമിയോടെ ചോദിച്ചു:
"ഉമ്മാ.. നിങ്ങൾ മനുഷ്യനെ വെറുക്കുന്നുണ്ടോ?"

ഭൂമി പറഞ്ഞു:
"അഭിലാഷങ്ങൾ വച്ചു പുലർത്തുകയും
സാഹസങ്ങളിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന
എല്ലാ ആളുകളെയും ഞാൻ ആശിർവ്വദിക്കുന്നു,
കാലത്തിനൊപ്പം നടക്കാൻ കൂട്ടാക്കാതെ
കല്ലിനെപ്പോലെ ജീവിതം കൊണ്ട്‌ തൃപ്തിയടയുന്നവരെ
ഞാൻ ശപിക്കുകയും ചെയ്യുന്നു"

ജീവനുള്ള പ്രപഞ്ചം ജീവിതത്തെ ഇഷ്ടപ്പെടുന്നു
മരണത്തെ - അതെത്ര വലുതാണെങ്കിലും - വെറുക്കുകയും ചെയ്യുന്നു,

ആകാശം പറവളുടെ ശവങ്ങൾ പിടിച്ചു വെക്കാറില്ല,
ചത്ത പൂവുകളിൽ നിന്ന് തേനീച്ചകൾ മധു നുകരാറുമില്ല.

മൃതുലമായ മാതൃസ്നേഹം എന്റെ ഹൃദയത്തിൽ
സ്പന്ദിക്കുന്നില്ലായിരുന്നുവെങ്കിൽ
അത്തരം ശവങ്ങളെ എന്റെ കുഴിയിൽ കിടത്തി
ഞാൻ പൊറുപ്പിക്കില്ലായിരുന്നു

നുഴഞ്ഞുകയറ്റക്കാരനായ ശൂന്യതയുടെ
ശാപത്തിൽ നിന്നും മോചനം തേടാൻ വേണ്ടി
ജീവിതത്തെ അഭിലഷിക്കാത്തവൻ തുലയട്ടെ!.

ഒരു ശരത്കാല സന്ധ്യയിൽ,
ദുഃഖവും, മടുപ്പും കനംതൂങ്ങിയ ഘട്ടത്തിൽ,
നക്ഷത്രങ്ങളുടെ പ്രകാശം പാനം ചെയ്തും
ശോക ഗാനമാലപിച്ചും ഞാൻ ഉന്മത്തനായി.

ഞാൻ രജനിയോടു ചോദിച്ചു:
വാടിപ്പോയ ആയുസ്സിന്റെ വസന്തത്തെ തിരിച്ചു കൊണ്ടു വരാൻ
ജീവിതത്തിനാകുമോ?

ഇരുട്ടിന്റെ അധരങ്ങൾ പേശാൻ കൂട്ടാക്കിയില്ല
രാവിന്റെ കന്യകമാർ ഒന്നും മൂളിയില്ല.

കാനനം ഭവ്യതയോടെ,
സംഗീതത്തിന്റെ ഹൃദഹത്തുടിപ്പു പോലെ
പ്രിയപ്പെട്ട സ്വരത്തിൽ പറഞ്ഞു:


'ശിശിരം വരും, ശൈത്യം വരും,
മഞ്ഞു കാലം വരും, മഴക്കാലവും വരും
അപ്പോൾ ശിഖരങ്ങളുടെ, പൂക്കളുടെ,
കായകളുടെ, വശ്യമനോഹരമായ സന്ധ്യയുടെ,
സുഗന്ധ പൂരിതമായ താഴ്‌വാരങ്ങളുടെ
മാസ്മരികത നഷ്ടപ്പെടും.

കൊമ്പുകൾ ആടിയുലഞ്ഞ്‌ ഇലകൾ കൊഴിഞ്ഞു പോകും
ഭംഗിയുള്ള പൂവുകൾ ഞെട്ടറ്റു വീഴും
കാറ്റ്‌ അവയെ ഓരോ മലഞ്ചെരുവുകളിലേക്കും വഹിച്ചു കൊണ്ടു പോകും
മലവെള്ളം അവയെ ദൂര ദേശങ്ങളിൽ കൊണ്ടു പോയി കുഴിച്ചു മൂടും

മനോഹരമായ ഒരു സ്വപ്നം കണക്കെ എല്ലാം നശിച്ചു പോകും
കൺമുമ്പിൽ ഒരു മിന്നലാട്ടം പോലെ വന്ന് അപ്രത്യക്ഷമാവുകയും ചെയ്യും
പക്ഷേ, അതു വഹിച്ചു കൊണ്ടു പോയ വിത്തുകൾ അവശേഷിക്കും
വരാനിരിക്കുന്ന മനോഹരമായ ആയുസ്സിന്റെ സൂക്ഷിപ്പു സ്വത്തായി അതു മാറും.

ഋതുക്കളുടെ ഓർമ്മകളും, ജീവിതത്തിന്റെ വീക്ഷണവും,
ദുന്യാവിന്റെ മാന്ത്രിക ശോഭയും
മേഘങ്ങൾക്കിടയിലും മഞ്ഞിനും മണ്ണിനുമടിയിലും
പറ്റിപ്പിടിച്ച മൂളക്കം പോലെ അപ്രത്യക്ഷമാവും.

ഒരിക്കലും മടുക്കാത്ത ജീവിതത്തിന്റെ ലാളിത്യവും
സുഗന്ധപൂരിതമായ ഹരിത വസന്തത്തിന്റെ ഹൃദയവും
പറവകളുടെ സ്വപ്ന തുല്യമായ സംഗീതവും
പുഷ്പങ്ങളുടെ സൗരഭ്യവും
പഴങ്ങളുടെ സ്വാദും
ഒരു ചിറകടിപോലെ
ആശകളെ പരിപോഷിപ്പിക്കുകയും
വിജയ സാമ്രാജ്യം തീർക്കുകയും ചെയ്യുന്നു.

ഭൂമി വിണ്ടു കീറി മുളകൾ പുറത്തു വരുന്നു
പ്രപഞ്ചം വീണ്ടും ഒരു മാസ്മരിക രൂപത്തെ കൺമുപിൽ ദർശിക്കുന്നു.

ഭൂമിയുടെ സ്വപ്നങ്ങളും സംഗീതവും
പരിമളം തൂകുന്ന ബാല്യവും പേറി
വസന്തം വീണ്ടും കടന്നു വരുന്നു

ഭൂമിയുടെ അധരങ്ങളിൽ അതു മുത്തം വെക്കുന്നു
അപ്പോൾ മറഞ്ഞു പോയ യുവത്വം തിരിച്ചു വരുന്നു.

ഭൂമിയോട്‌ വസന്തം പറയും:
നിനക്കു ജീവിതം ലഭിച്ചിരിക്കുന്നു
നീ കാത്തു സൂക്ഷിച്ച നിന്റെ തലമുറകളിലൂടെ
നീ അനശ്വരയായിരിക്കുന്നു.

'നിനക്കു വെളിച്ചം നേരുന്നു
ജീവിതത്തിന്റെ യുവത്വവും
ആയുസ്സിന്റെ പുഷ്ടിയും നീ സ്വീകരിച്ചാലും'.

കിനാവുകൾ കൊണ്ട്‌ പ്രകാശത്തെ വരിച്ചവൻ
എവിടെയും വെളിച്ചം കൊണ്ടനുഗ്രഹിക്കപ്പെടും.

നിനക്ക്‌ വിഹായസ്സും വെളിച്ചവും
പൂത്തുലഞ്ഞ സ്വപ്നതുല്യമായ ഐശ്വര്യവും ആശംസിക്കുന്നു,

ഒരിക്കലും മരിക്കാത്ത സൗന്ദര്യവും
പ്രസന്നവും പ്രവിശാലവുമായ പ്രപഞ്ചവും
നിനക്കു തന്നെ.

അതുകൊണ്ട്‌ നീ
മധുരക്കനിക്കനികളും വർണ്ണപ്പൂക്കളുമായി
വയലേലകൾക്കു മുകളിലൂടെ കൊഞ്ചിക്കുഴയുക.

മന്ദമാരുതനോടും കാർമേഘങ്ങളോടും
താരകങ്ങളോടും ചന്ദ്രികയോടും സല്ലപിക്കുക

ജീവിതത്തോടും ജീവിക്കാനുള്ള ആശയോടും
അതുല്യമായ ഉണ്മയുടെ മാസ്മരിക സൗന്ദര്യത്തോടും
നീ കുശലം പറയുക.

ഇരുട്ടു പോലും
ഒളിഞ്ഞു കിടക്കുന്ന ഒരു സൗന്ദര്യത്തെ വെളിപ്പെടുത്തുന്നുണ്ട്‌.
അതിൽ ഭാവനകൾ മുളപൊട്ടുകയും
ചിന്തകൾ ഉരുത്തിരിയുകയും ചെയ്യാറുമുണ്ട്‌.

പ്രപഞ്ചത്തിനു മീതെ ഒരു അനിർവ്വചനീയമായ രമണീയത വിരിച്ചു വച്ചിട്ടുണ്ട്‌
സമർത്ഥനായ ഒരു മാന്ത്രികന്‌ അത്‌ തുറന്നു കാണിച്ചു തരാൻ കഴിയും.

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ മെഴുതിരികൾ കത്തിച്ചു വെക്കുന്നു,
പൂവുകൾ കുന്തിരിക്കം പുകയ്ക്കുന്നു,
അപൂർവ്വ സുന്ദരമായ ജീവാത്മാവ്‌
അമ്പിളിക്കീറിന്റെ വർണ്ണച്ചിറകുകളുമായി തത്തിക്കളിക്കുന്നു.

വിശുദ്ധമായ ജീവിതത്തിന്റെ സംഗീതം
കിനാവുകളുടെ പള്ളിമുറ്റത്ത്‌ വീണമീട്ടുന്നു

പ്രത്യാശകളാണ്‌ ജീവിതത്തിന്റെ നാമ്പും വിജയത്തിന്റെ ആത്മാവും
എന്ന് അത്‌ വിളംബരം ചെയ്യുന്നുമുണ്ട്‌.

ആത്മാവുകൽ ജീവിതത്തെ അഭിലഷിച്ചാൽ
വിധികൾക്കു മാറിക്കൊടുക്കുകയേ തരമുള്ളൂ.

For more modern Arabic poems visit:
www.podikkat.blogspot.com

Saturday, July 17, 2010

ബൽഖീസ് - നിസാർ ഖബ്ബാനി


നിസാർ ഖബ്ബാനിയും ഭാര്യ ബൽഖീസും

ബൽഖീസ്

നിസാർ ഖബ്ബാനി(1923-1998)
വിവർത്തനം: മമ്മൂട്ടി കട്ടയാട്

(കവിയുടെ പ്രിയതമയുടെ പേരാണ്‌ബൽഖീസ്’. 1969-ലാണ്‌ ഇറാഖീ കഥാകാരിയെ ഖബ്ബാനി വിവാഹം കഴിക്കുന്നത്. 1982 ഡിസംബർ 15-നു ബെയ്റൂത്തിലെ ഇറാഖീ എംബസിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അവർ കൊല്ലപ്പെട്ടു. തന്റെ പ്രാണ പ്രേയസിയുടെ മരണത്തിനുത്തരവാദി അറബു സമൂഹം മൊത്തവുമാണെന്ന് നിസാർ ഖബ്ബാനി കുറ്റപ്പെടുത്തുന്നു)..

നന്ദി,
നിങ്ങൾക്കു നന്ദി!!
എന്റെ പ്രിയതമ കൊല്ലപ്പെട്ടിരിക്കുന്നു;
രക്ത സാക്ഷിയുടെ കുഴിമാടത്തിനു മുകളിൽ വച്ച്
ഇനി നിങ്ങൾക്ക് മദ്യപിക്കാം.
എന്റെ കവിതയും കൊല്ലപ്പെട്ടിരിക്കുന്നു.
കവിതയെ കശാപ്പു ചെയ്യുന്ന ഒരു ജനത
നമ്മളല്ലാതെ ലോകത്ത് മറ്റാരാണുള്ളത്?

ബൽഖീസ്,
ബാബിലോണിയൻ ചരിത്രത്തിലെ
ഏറ്റവും ഭംഗിയുള്ള രാജകുമാരിയായിരുന്നു അവൾ.
ഇറാഖിന്റെ മണ്ണിലെ ഏറ്റവും ഉയരമുള്ള
ഈത്തപ്പനയായിരുന്നു അവൾ.
അവൾ നടന്നു പോകുമ്പോൾ
മയിലുകളും മാനുകളും അവളെ അനുഗമിക്കും.

ബൽഖീസ്,
എന്റെ നോവ്,
വിരൽസ്പർശനത്തിൽ നീറുന്ന കാവ്യം,
നിന്റെ കാർകൂന്തലുകൾക്കു ശേഷം
ഇനിയൊരു കതിരും തലപൊക്കുകയില്ല.

ഹരിതാഭമായ നീനവാ താഴ്വാരങ്ങളേ,
യൂപ്രട്ടീസിന്റെ തിരമാലകളേ,
വസന്ത കാലത്തിൽ
അവളുടെ കാലുകളിൽ
ഏറ്റവും മനോഹരമായ ചിലങ്കകൾ
നിങ്ങൾ അണിയിക്കൂ..

ബൽഖീസ്,
അവർ നിന്നെ കൊന്നു
ഏത് അറേബ്യൻ സമുദായത്തിനാണ്‌
ബുൽബുലുകളുടെ സംഗീതത്തെ
കുരുതി കൊടുക്കാൻ കഴിയുക?

(കരാറുകൾ പാലിക്കുന്ന) സമൗഅലെവിടെ
(ധീരനായ) മുഹൽഹിലെവിടെ?
(സുന്ദരനായ) ഗതാരീഫ് ഗോത്രക്കാരനെവിടെ?

ഇവിടെയോ ...?
പരസ്പരം കൊന്നുതിന്നുന്ന ഗോത്രങ്ങൾ!!
കുറുക്കന്മാരെ കൊല്ലുന്ന കുറുക്കന്മാർ!!
എട്ടുകാലികളെ കൊല്ലുന്ന എട്ടുകാലികൾ!!

ആയിരം നക്ഷത്രങ്ങൾ കുടികെട്ടിപ്പാർക്കുന്ന
നിന്റെ കണ്ണുകൾ സാക്ഷി,
ചന്ദ്രികേ,
വിചിത്രന്മാരായ അറബികളെക്കുറിച്ച്
എന്നെ പറയാനനുവധിക്കൂ..
അറേബ്യൻ സാഹസികത എന്നത് നുണയല്ലേ?
അല്ലെങ്കിൽ ചരിത്രം തന്നെ കളവു പറയുകയല്ലേ?

ബല്ഖീസ്,
നീ എന്നെ ഉപേക്ഷിച്ചു പോകരുത്
നീ ഇല്ലെങ്കിൽ തീരങ്ങളിൽ സൂര്യനുദിക്കില്ല.

പരമാർത്ഥം ഞാൻ പറയാം;
കള്ളൻ പോരാളിയുടെ വേഷമണിഞ്ഞിരിക്കുകയാണ്‌.
പരമ്പരാഗതനായ നാടുവാഴി
ഇടനിലക്കാരനായി മാറിയിരിക്കുകയാണ്‌.

എന്നെ പറയാനനുവധിക്കൂ..
കേട്ടു കേൾവി ഏറ്റവും വലിയ വിഡ്ഢിത്തമാണ്‌
നമ്മളും ഒരു ഗോത്ര സമൂഹമാണ്‌
ചണ്ടിക്കൂനകൾക്കും പൂന്തോട്ടങ്ങൾക്കുമിടയിൽ നിന്ന്
മനുഷ്യനെ എങ്ങനെയാണ്‌ വേർതിരിച്ചറിയുക?

ബല്ഖീസ്,
രക്ത സാക്ഷിയേ,
വിശുദ്ധമായ കാവ്യമേ,
സബഅ് ഗോത്രം* അവരുടെ രാജകുമാരിയെ
അന്വേഷിക്കുകയാണ്‌.

സുമേറിയൻ സംസ്കാരത്തിന്റെ
എല്ലാ അന്തസ്സും എടുത്തണിഞ്ഞ
മഹാ രാഞ്ജിയേ
പ്രജകൾക്കായി അങ്ങുന്ന് അഭിവാദ്യം അർപ്പിച്ചാലും.

ബൽഖീസ്,
എന്റെ സുന്ദരിയായ പൈങ്കിളിയേ,
എന്റെ അമൂല്യമായ പ്രതീകമേ,
മഗ്ദലന മറിയത്തിന്റെ കവിൾത്തടത്തിൽ
ഉതിർന്നു വീണ കണ്ണുനീരേ,
അഅ്ളമിയയുടെ** തീരത്തു നിന്ന് നിന്നെ എടുത്തു കൊണ്ടു വന്നത്
നിന്നോടു ചെയ്ത കടുപ്പമായിപ്പോയെന്ന്
നീ കരുതിപ്പോയോ?.

ബെയ്റൂത്ത് -- ഓരോ ദിവസവും
ഞങ്ങളിലൊരാളെ കൊല്ലുന്നുണ്ട്.
ഞങ്ങളുടെ ഫ്ലാറ്റിലെ പൂട്ടിലും,
ഞങ്ങളുടെ മുറിയിലെ പൂവിലും,
പത്രക്കടലാസുകൾക്കിടയിലും,
അക്ഷരമാലകളിലും,
മരണം പതിയിരിക്കുന്നു.

ബല്ഖീസ് ഒരിക്കൽ കൂടി
ഞങ്ങൾ അജ്ഞാത കാലത്തിലേക്ക്
തിരിച്ചു
പോവുകയാണ്‌.
ഞങ്ങൾ കാടൻ സംസ്കാരത്തിലേക്ക്,
അധപതനത്തിലേക്ക്, വൃത്തികേടിലേക്ക്,
അഞ്ജതയിലേക്ക്,
ബാർബേറിയൻ കാലഘട്ടത്തിലേക്ക്
കൂപ്പുകുത്തുകയാണ്‌.
(തുടരും...)

(*)സബഅ്: യമനിലെ ഗോത്രം, അവിടുത്തെ രാജ്ഞിയുടെ പേരും ബൽഖീസ്
(**)ഇറാഖിലെ ഒരു ഗ്രാമം.