Saturday, July 17, 2010

ബൽഖീസ് - നിസാർ ഖബ്ബാനി


നിസാർ ഖബ്ബാനിയും ഭാര്യ ബൽഖീസും

ബൽഖീസ്

നിസാർ ഖബ്ബാനി(1923-1998)
വിവർത്തനം: മമ്മൂട്ടി കട്ടയാട്

(കവിയുടെ പ്രിയതമയുടെ പേരാണ്‌ബൽഖീസ്’. 1969-ലാണ്‌ ഇറാഖീ കഥാകാരിയെ ഖബ്ബാനി വിവാഹം കഴിക്കുന്നത്. 1982 ഡിസംബർ 15-നു ബെയ്റൂത്തിലെ ഇറാഖീ എംബസിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അവർ കൊല്ലപ്പെട്ടു. തന്റെ പ്രാണ പ്രേയസിയുടെ മരണത്തിനുത്തരവാദി അറബു സമൂഹം മൊത്തവുമാണെന്ന് നിസാർ ഖബ്ബാനി കുറ്റപ്പെടുത്തുന്നു)..

നന്ദി,
നിങ്ങൾക്കു നന്ദി!!
എന്റെ പ്രിയതമ കൊല്ലപ്പെട്ടിരിക്കുന്നു;
രക്ത സാക്ഷിയുടെ കുഴിമാടത്തിനു മുകളിൽ വച്ച്
ഇനി നിങ്ങൾക്ക് മദ്യപിക്കാം.
എന്റെ കവിതയും കൊല്ലപ്പെട്ടിരിക്കുന്നു.
കവിതയെ കശാപ്പു ചെയ്യുന്ന ഒരു ജനത
നമ്മളല്ലാതെ ലോകത്ത് മറ്റാരാണുള്ളത്?

ബൽഖീസ്,
ബാബിലോണിയൻ ചരിത്രത്തിലെ
ഏറ്റവും ഭംഗിയുള്ള രാജകുമാരിയായിരുന്നു അവൾ.
ഇറാഖിന്റെ മണ്ണിലെ ഏറ്റവും ഉയരമുള്ള
ഈത്തപ്പനയായിരുന്നു അവൾ.
അവൾ നടന്നു പോകുമ്പോൾ
മയിലുകളും മാനുകളും അവളെ അനുഗമിക്കും.

ബൽഖീസ്,
എന്റെ നോവ്,
വിരൽസ്പർശനത്തിൽ നീറുന്ന കാവ്യം,
നിന്റെ കാർകൂന്തലുകൾക്കു ശേഷം
ഇനിയൊരു കതിരും തലപൊക്കുകയില്ല.

ഹരിതാഭമായ നീനവാ താഴ്വാരങ്ങളേ,
യൂപ്രട്ടീസിന്റെ തിരമാലകളേ,
വസന്ത കാലത്തിൽ
അവളുടെ കാലുകളിൽ
ഏറ്റവും മനോഹരമായ ചിലങ്കകൾ
നിങ്ങൾ അണിയിക്കൂ..

ബൽഖീസ്,
അവർ നിന്നെ കൊന്നു
ഏത് അറേബ്യൻ സമുദായത്തിനാണ്‌
ബുൽബുലുകളുടെ സംഗീതത്തെ
കുരുതി കൊടുക്കാൻ കഴിയുക?

(കരാറുകൾ പാലിക്കുന്ന) സമൗഅലെവിടെ
(ധീരനായ) മുഹൽഹിലെവിടെ?
(സുന്ദരനായ) ഗതാരീഫ് ഗോത്രക്കാരനെവിടെ?

ഇവിടെയോ ...?
പരസ്പരം കൊന്നുതിന്നുന്ന ഗോത്രങ്ങൾ!!
കുറുക്കന്മാരെ കൊല്ലുന്ന കുറുക്കന്മാർ!!
എട്ടുകാലികളെ കൊല്ലുന്ന എട്ടുകാലികൾ!!

ആയിരം നക്ഷത്രങ്ങൾ കുടികെട്ടിപ്പാർക്കുന്ന
നിന്റെ കണ്ണുകൾ സാക്ഷി,
ചന്ദ്രികേ,
വിചിത്രന്മാരായ അറബികളെക്കുറിച്ച്
എന്നെ പറയാനനുവധിക്കൂ..
അറേബ്യൻ സാഹസികത എന്നത് നുണയല്ലേ?
അല്ലെങ്കിൽ ചരിത്രം തന്നെ കളവു പറയുകയല്ലേ?

ബല്ഖീസ്,
നീ എന്നെ ഉപേക്ഷിച്ചു പോകരുത്
നീ ഇല്ലെങ്കിൽ തീരങ്ങളിൽ സൂര്യനുദിക്കില്ല.

പരമാർത്ഥം ഞാൻ പറയാം;
കള്ളൻ പോരാളിയുടെ വേഷമണിഞ്ഞിരിക്കുകയാണ്‌.
പരമ്പരാഗതനായ നാടുവാഴി
ഇടനിലക്കാരനായി മാറിയിരിക്കുകയാണ്‌.

എന്നെ പറയാനനുവധിക്കൂ..
കേട്ടു കേൾവി ഏറ്റവും വലിയ വിഡ്ഢിത്തമാണ്‌
നമ്മളും ഒരു ഗോത്ര സമൂഹമാണ്‌
ചണ്ടിക്കൂനകൾക്കും പൂന്തോട്ടങ്ങൾക്കുമിടയിൽ നിന്ന്
മനുഷ്യനെ എങ്ങനെയാണ്‌ വേർതിരിച്ചറിയുക?

ബല്ഖീസ്,
രക്ത സാക്ഷിയേ,
വിശുദ്ധമായ കാവ്യമേ,
സബഅ് ഗോത്രം* അവരുടെ രാജകുമാരിയെ
അന്വേഷിക്കുകയാണ്‌.

സുമേറിയൻ സംസ്കാരത്തിന്റെ
എല്ലാ അന്തസ്സും എടുത്തണിഞ്ഞ
മഹാ രാഞ്ജിയേ
പ്രജകൾക്കായി അങ്ങുന്ന് അഭിവാദ്യം അർപ്പിച്ചാലും.

ബൽഖീസ്,
എന്റെ സുന്ദരിയായ പൈങ്കിളിയേ,
എന്റെ അമൂല്യമായ പ്രതീകമേ,
മഗ്ദലന മറിയത്തിന്റെ കവിൾത്തടത്തിൽ
ഉതിർന്നു വീണ കണ്ണുനീരേ,
അഅ്ളമിയയുടെ** തീരത്തു നിന്ന് നിന്നെ എടുത്തു കൊണ്ടു വന്നത്
നിന്നോടു ചെയ്ത കടുപ്പമായിപ്പോയെന്ന്
നീ കരുതിപ്പോയോ?.

ബെയ്റൂത്ത് -- ഓരോ ദിവസവും
ഞങ്ങളിലൊരാളെ കൊല്ലുന്നുണ്ട്.
ഞങ്ങളുടെ ഫ്ലാറ്റിലെ പൂട്ടിലും,
ഞങ്ങളുടെ മുറിയിലെ പൂവിലും,
പത്രക്കടലാസുകൾക്കിടയിലും,
അക്ഷരമാലകളിലും,
മരണം പതിയിരിക്കുന്നു.

ബല്ഖീസ് ഒരിക്കൽ കൂടി
ഞങ്ങൾ അജ്ഞാത കാലത്തിലേക്ക്
തിരിച്ചു
പോവുകയാണ്‌.
ഞങ്ങൾ കാടൻ സംസ്കാരത്തിലേക്ക്,
അധപതനത്തിലേക്ക്, വൃത്തികേടിലേക്ക്,
അഞ്ജതയിലേക്ക്,
ബാർബേറിയൻ കാലഘട്ടത്തിലേക്ക്
കൂപ്പുകുത്തുകയാണ്‌.
(തുടരും...)

(*)സബഅ്: യമനിലെ ഗോത്രം, അവിടുത്തെ രാജ്ഞിയുടെ പേരും ബൽഖീസ്
(**)ഇറാഖിലെ ഒരു ഗ്രാമം.

4 comments:

Anonymous said...

nannayi masheee

പ്രണവം രവികുമാര്‍ said...

Kollaaam!

സോണ ജി said...

nannayi ikka...........

സോണ ജി said...
This comment has been removed by the author.