Sunday, August 22, 2010

മുന്നറിയുപ്പുകാരൻ - ഇമാം ശാഫി(റ)



മുന്നറിയുപ്പുകാരൻ അതായത് “നര”
ഇമാം ശാഫി(റ)
ഈജിപ്ത് (ജനനം: ഹിജ്റ വർഷം: 150 , മരണം: ഹി. 204 )


മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്.

പ്രായമാകുമ്പോൾ തലയിൽ കടന്നു കൂടുന്ന നരയെ ഖുർആൻ വിശേഷിപ്പച്ചത് മുന്നറിയുപ്പുകാരൻ എന്നാണ്‌. ഇനി പഴയതു പോലെയൊന്നും പോയാൽ പോര. സൽക്കർമ്മങ്ങൾ കൂടുതൽ ചെയ്ത്, ദുഷ്കർമ്മങ്ങളിൽ നിന്നൊക്കെ വിട്ടു നിന്ന് മരണാനന്തര ജീവിതത്തിലേക്ക് എന്തൊങ്കിലുമൊക്കെ സമ്പാദിക്കണം എന്ന് ഒരോ നരച്ച മുടിയും മനുഷ്യനോട് വിളിച്ചു പറയുന്നുണ്ട് - ഈ വിഷയത്തിൽ ഇമാം ശാഫി എഴുതിയ ഒരു പ്രസിദ്ധമായ കവിതയുടെ പദ്യ വിവർത്തനം ഇവിടെ വായിക്കുക)

കെട്ടുപോയെന്നാത്മാവിലെ തീ
കത്തിയെപ്പോഴെൻ മൂർദ്ധാവിലഗ്നി

കൊള്ളിയാനൊളി തീർത്ത രാവിലിരുട്ടിന്റെ-
യുള്ളിലേക്കാണ്ടുപോയെന്റെയാ രാത്രികൾ.

കാകനകലേക്കു പോയ ശേഷം നത്ത്
കൂടു കൂട്ടാനെന്റെ നെറുകയിൽ ചേക്കേറി. (1)

“കണ്ടു നീയെൻ കൂര ജീർണ്ണിച്ചു പോയതായ്
പണ്ടേ നിനക്കങ്ങു പഴയതല്ലോ പ്രിയം“

നര വന്നു ശിരസ്സങ്ങു വെട്ടിത്തിളങ്ങിയാൽ
മർത്ത്യനെങ്ങാനന്ത,മെല്ലാമെരിഞ്ഞിടും.

അന്തസ്സു മുഴുവനും നര വരും മുമ്പാണ-
തന്തകനായ് മാറിടും യൗവ്വനനത്തിന്‌

നര കൊണ്ടു മഞ്ഞളിക്കും മനുജനിൽ നിന്നു
ദൂരെ മറഞ്ഞു പോമാ നല്ല നാളുകൾ.

വെടിയണം തിന്മകളാ വേളയിൽ നല്ലൊ-
രടിമയ്ക്കു തെല്ലും നിരക്കാത്തതാണവ.

വ്യക്തിക്കുമുണ്ടന്നു വീട്ടാൻ “സക്കാത്തു”കൾ
സ്വത്തിനുമെന്നതു പോൽ കണക്കെത്തവേ,

നന്മകൾ ചെയ്തു കൊണ്ടുടമയായ് മാറുക
മേന്മയുള്ളിടപാടതാണെന്നതോർക്കുക. (3)

ഭൂമിക്കു മുകളിലായ ഹുങ്കിൽ നടക്കൊല്ല
താമസിയാതതു നിന്നെ വിഴുങ്ങിടും. (2)

ആരാണു പാരിനെ വാരിപ്പുണർന്നത്?
ആസ്വദിച്ചേനതിൻ കയ്പ്പും മധുരവും.

മിഥ്യയാണതു കൊടും ചതിയുമാണാ മരു
വീഥിയിൽ കാണും മരീചികയല്ലയോ!.

നാറുന്ന ശവമാണു ദുനിയാവു മൊത്തവും
നായ്ക്കൾ കടിച്ചതു കീറുന്നുവാർത്തിയാൽ.

മാറി നടക്കുകിൽ നീ തന്നെ ഭാഗ്യവാൻ
കേറിപ്പിടിക്കിലോ നായോടു പൊരുതണം.

വിരിയിട്ടു കതകുകൾ ചാരിയാത്മാവിനു
പരി രക്ഷ നൽകിയാൽ നീ ധന്യനായിടും.
-------------------------
(1) മൂർദ്ധാവിലെ അഗ്നി, കൊള്ളിയാൻ, നത്ത് ഇതെല്ലാം വെളുത്തു നരച്ച മുടിയെയും, രാത്രി, കാകൻ എന്നിവ കറുത്ത മുടിയെയെയും സൂചിപ്പിക്കുന്നു.

(2) നീ മരിച്ച് മണ്ണിൽ മറമാടപ്പെടും എന്നർത്ഥം.

(3) ഉദാര പൂർണ്ണമായ നന്മ കൈമാറ്റം ചെയ്ത് ജനങ്ങളുടെ വിധേയത്തം പകരം വാങ്ങുന്ന ക്രയ വിക്രയമാണ്‌ ഏറ്റവും നല്ല കച്ചവടം എന്ന് കവി ഓർമ്മിപ്പിക്കുന്നു.

2 comments:

Pranavam Ravikumar said...
This comment has been removed by the author.
Pranavam Ravikumar said...

I liked it!