Monday, October 25, 2010

ക്രൂശിതനായ യേശു - ഖലീൽ ജിബ്രാൻ


ജിബ്രാന്റെ ഒരു ചിത്രം (റ്റു ക്രോസെസ്)

ക്രൂശിതനായ യേശു.
ജിബ്രാൻ ഖലീൽ ജിബ്രാൻ
വിവർത്തനം: മമ്മൂട്ടി കട്ടയാട്..


ഇന്ന് - എല്ലാ വർഷവും ഇതു പോലൊരു ദിവസം - മൗഷ്യത്വം ഗാഢ നിദ്രയിൽ നിന്നെഴുന്നേറ്റ് തലമുറകളുടെ ആത്മാവുകൾക്കു മുമ്പിൽ ചെന്നു നിന്ന് ജൽജൽ പർവ്വതത്തിൽ മരക്കുരിശിൽ ക്രൂശിക്കപ്പെട്ട നസ്രേത്തിലെ യേശുവിന്റെ നേർക്ക് നിറകണ്ണുകളുമായി നോക്കി നിൽക്കുന്നു.... പകലിന്റെ കുഴിമാടത്തിൽ പോയി ദിനകരൻ അപ്രത്യക്ഷമാകുന്ന സമയം മനുഷ്യത്വം തിരിച്ചു വന്ന് ഓരോ കുന്നിൻ മുകളിലും താഴ്വരകളിലും പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾക്കു മുമ്പിലെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇന്ന് ലോകത്തെമ്പാടുമുള്ള നസ്രാണിമാരുടെ ആത്മാവുകളുടെ ഓർമ്മകൾ ജെറൂസലേം പട്ടണത്തിന്റെ സമീപത്തെത്തി തുടിക്കുന്ന ഹൃദയവുമായി നിരനിരയായി നില്ക്കും. എന്നിട്ട് മൃത്യുവിന്റെ മൂടുപടത്തിനു പിന്നിൽ നിന്ന് ജീവിതത്തിന്റെ അഗാധതയിലേക്കു കണ്ണും നട്ടിരിക്കുകയും അനന്തതയിലേക്ക് കൈകൾ വിരിച്ചു നില്ക്കുകയും ചെയ്യുന്ന മുൾകിരീടം ചൂടിയ ആ ഭീമാകാര രൂപത്തിലേക്ക് ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും.

ക്രിസ്ത്യാനികൾ മടങ്ങി വന്ന് വിസ്മൃതിയുടെ നിഴലിൽ മരവിപ്പിന്റെയും വിഡ്ഢിത്തത്തിന്റെയും പുതപ്പിനടിയിൽ കൂട്ടം കൂട്ടമായി കിടന്നുറങ്ങുന്നതു വരേയ്ക്കും പകലിന്റെ അരങ്ങിനു മുമ്പിൽ രാത്രി തന്റെ തിരശ്ശീല താഴ്ത്തിയിടാറില്ല.

ഓരോ വർഷവും ഈ ദിവസം എല്ലാ തത്വ ചിന്തകരും അവരുടെ ഇരുണ്ട ഗഹ്വരങ്ങളിൽ നിന്നും ബുദ്ധിജീവികൾ അവരുടെ തണുത്ത പർണ്ണ ശാലയിൽ നിന്നും കവികൾ അവരുടെ സാങ്കല്പ്പിക താഴ്വരയിൽ നിന്നും പുറത്തു വന്ന് ഒരുമിച്ച് ആ വലിയ മലയുടെ മുകളിൽ കയറിനിന്ന്, ദൂരെ നിന്നും ഒരു യുവാവ് തന്റെ ഘാതകനോട് വിളിച്ചു പറയുന്ന വാക്കുകളിലേക്ക് ചെവികൂർപ്പിച്ചു നില്ക്കുന്നു. ആ യുവാവ് പറയുന്നു: ‘എന്റെ പിതാവേ, നീ ഇവർക്കു പൊറുത്തു കൊടുക്കണം. ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർക്കറിയില്ല’... പക്ഷേ, തത്വചിന്തകരും കവികളും മടങ്ങി വന്ന് പഴകി ദ്രവിച്ച പുസ്തകത്താളുകളിൽ അവരുടെ ആത്മാവുകളെ മറവു ചെയ്യുന്നതു വരേ ദീപ്തിയുടെ ആരവങ്ങളെ മൌനം അനാവരണം ചെയ്യാതെയിരിക്കുന്നു.

ജീവിതത്തിന്റെ മനോഹാരിതയിൽ നിമഗ്നരായ സ്ത്രീകൾ ആടയാഭരണങ്ങളെടുത്തണിഞ്ഞ് സ്വന്തം ഭവനത്തിൽ നിന്നുമിറങ്ങി, കുരിശിനു താഴെ ശീതക്കാറ്റേറ്റ് ദുർബ്ബലമായ വൃക്ഷത്തെപ്പോലെ ഖിന്നയായി നിൽക്കുന്ന ഒരു സ്ത്രീയെക്കാണാൻ, വന്നു നിന്നു. അവളുടെ നോവുന്ന ദുഖങ്ങളും അഗാധമായ രോദനവും കേൾക്കാൻ അവർ കൂടുതൽ അടുത്തു ചെന്നു.

ആ സമയം കാലത്തിന്റെ വിദ്യുത്പ്രവാഹത്തിൽ നൃത്തം ചെയ്യുന്ന ചെറുപ്പക്കാരും കുട്ടികളും, ആകാശത്തിനും ഭൂമിക്കുമിടയിൽ കെട്ടിത്തൂക്കിയ ഒരാളുടെ രണ്ടു പാദങ്ങളിൽ നിന്നും രക്ത കണങ്ങൾ കണ്ണീരു കൊണ്ടു കഴുകിക്കളയുന്ന മുടിമെടഞ്ഞിട്ട പെൺകുട്ടിയെ കാണാൻ പിന്നിലേക്ക് തല തിരിച്ചു നോക്കിക്കൊണ്ട് ഒരു നിമിഷം നിശ്ചലരായി. ഈ രംഗം കണ്ടു മടുക്കുമ്പോൾ അവർ വീണ്ടും മുഖം തിരിച്ച് ചിരിയിലും കളിയിലും മുഴുകി.

ഓരോ വർഷവും ഇതേ ദിവസം മനുഷ്യത്വം വസന്തത്തിന്റെ ഉന്മേഷത്തോടെ ഉണർന്നെഴുന്നേറ്റ് നസ്രേത്തുകാരന്റെ നോവുകൾക്കു മുമ്പിൽ വന്നു നിന്ന് ഏറെ നേരം കരഞ്ഞ ശേഷം കൺപോളകൾ മുറുക്കെയടച്ച് അഗാധമായ നിദ്രയിലേക്ക് കൂപ്പു കുത്തുന്നു. ആ സമയം വസന്തം സുസ്മേര വദനനയായി എഴുന്നേൽക്കുകയും പൊന്നിൻ കസവണിഞ്ഞ, ചേലകളിൽ സുഗന്ധം പൂശിയ വേനലായി രൂപാന്തരപ്പെടുകയും ചെയ്യുന്നു .

തലമുറകളുടെ നായകന്മാർക്കുവേണ്ടി കരയുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മൗഷ്യത്വം ഒരു പുരുഷനായിരുന്നെങ്കിൽ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു.

കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാൽ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പിൽ ചെന്നു നില്ക്കാൻ അതിനു ഭയമാണ്‌.

കുറ്റവാളിയെപ്പോലെ ക്രൂശിക്കപ്പെടുകയും ദുർബ്ബലനെപ്പോലെ നിന്ദിക്കപ്പെടുകയും ദരിദ്രനെപ്പോലെ ജീവിക്കുകയും പാവപ്പെട്ടവനായി പിറക്കുകയും ചെയ്ത നസ്രേത്തിലെ യേശുവിനെ കാണുമ്പോൾ മനുഷ്യത്വം കരയുകയും വിലപിക്കുകയും അനുശോചിക്കുകയും ചെയ്യുന്നു. ഇതെല്ലാം അദ്ദേഹത്തോടുള്ള ആദരവു കൊണ്ടാണ്‌.

പത്തൊമ്പതു തലമുറകളായി മാനവ സമൂഹം യേശുവിന്റെ ദൗർബ്ബല്യത്തെ ആരാധിച്ചു കൊണ്ടിരിക്കുന്നു. യേശുവാണെങ്കിലോ അതിശക്തനും. എന്നാൽ എന്താണ്‌ യഥാർത്ഥ ശക്തി എന്ന് അവർക്കാർക്കുമറിയില്ല.

യേശു ഭീരുവും ദരിദ്രനുമായിട്ടല്ല ജീവിച്ചത്, വേദനിക്കുന്നവനും വേവലാതിക്കാരനുമായിട്ടുമല്ല മരിച്ചത്, അദ്ദേഹം വിപ്ലവകാരിയും ശക്തനും കരുത്തനുമായിട്ടാണ്‌ ജീവിച്ചത്. തന്റേടിയായിട്ടാണ്‌ മരിച്ചത്.

ചിറകുകളൊടിഞ്ഞ പക്ഷിയായിരുന്നില്ല യേശു; മറിച്ച് എല്ലാ വളഞ്ഞ പക്ഷങ്ങളെയും ഒടിച്ചു കളയുന്ന കൊടുങ്കാറ്റായിരുന്നു.

വേദനയെ ജീവിതത്തിന്റെ ചിഹ്നമാക്കി മാറ്റാൻ നീലമേഘങ്ങൾക്കിടയിലൂടെ വന്നവനല്ല യേശു. ജീവിതത്തെ സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അടയാളമായികാണിക്കാൻ ആഗതനായവനായിരുന്നു.

തന്റെ അക്രമികളെ യേശു ഭയപ്പെട്ടിരുന്നില്ല. തന്റെ ശത്രുക്കളെ പേടിച്ചിരുന്നില്ല. തന്റെ കൊലയാളികൾക്കു മുമ്പിൽ വേദനിച്ചിരുന്നില്ല. പ്രത്യുത അദ്ദേഹം സ്വതന്ത്രനും സാക്ഷികളുടെ മുമ്പിൽ ധീരനായി നില കൊണ്ടവനും അക്രമത്തിനും ഉന്മൂലനത്തിനും നേരെ നിർഭയനായി പോരാടിയവനുമായിരുന്നു. നാറുന്ന വ്രണങ്ങളെ അദ്ദേഹം വെറുത്തു, ദുഷിച്ച സംസാരം കേൾക്കുമ്പോൾ നിശബ്ദനായി. അഹങ്കാരത്തെ കണ്ടു മുട്ടിയാൽ അതിനെ തല്ലിത്താഴെയിട്ടു.

നിലം പൊത്തിയ കല്ലുകൾ കൊണ്ട് സന്യാസ മഠങ്ങളും ആശ്രമങ്ങളും ഉണ്ടാക്കാൻ അത്യുന്നതമായ പ്രകാശ ഗോപുരത്തിന്റെ മുകളിൽ നിന്നും താഴോട്ട് ഇറങ്ങി വന്നവനല്ല യേശു. പുരോഹിതന്മാരും പാതിരിമാരുമാക്കി നേതൃത്വത്തിലവരോധിക്കാനായി കരുത്തരായ പുരുഷന്മാരെ അദ്ദേഹം തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിട്ടില്ല. മറിച്ച്, തലയോട്ടികളിൽ പടുത്തുയർത്തിയ സിംഹാസനങ്ങളുടെ അടിവേരറുക്കാനും കുഴിമാടങ്ങൾക്കു മുകളിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളെ പൊളിച്ചു മാറ്റാനും ദുർബ്ബലരായ പാവങ്ങളുടെ ശരീരത്തിനു മീതെ നാട്ടിയ ബിംബങ്ങളെ തച്ചുടയ്ക്കാനും ശേഷിയുള്ള ശക്തമായ ഒരു പുതു ജീവൻ ഈ ലോകത്തിന്റെ വിഹായസ്സിലേക്ക് പ്രക്ഷേപണം ചെയ്യാനാണ്‌ യഥാർത്ഥത്തിൽ യേശു സമാഗതനായത്.

ഇരുട്ടും തണുപ്പും നിറഞ്ഞ ഭവനങ്ങൾക്കും വൃത്തികെട്ട ചേരികൾക്കും സമീപം അംബര ചുംബികളായ പള്ളികളും ഭീമാകാരങ്ങളായ ആരാധനാലയങ്ങളും നിർമ്മിക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ പഠിപ്പിക്കാനല്ല യേശു വന്നത്. പിന്നെ മനുഷ്യ ഹൃദയം എങ്ങിനെ ഒരു കോവിലാക്കാമെന്നും അവന്റെ ശരീരം എങ്ങിനെ ഒരു അൾത്താരയാക്കാമെന്നും അവന്റെ ബുദ്ധിയെ എങ്ങിനെ ഒരു വിദൂഷകനാക്കാമെന്നും പഠിപ്പിക്കാനാണ്‌ യേശു ആഗതനായത്.

ഇതാണ്‌ നസ്രേത്തിലെ യേശു ചെയ്തത്. വാഴ്ത്തപ്പെട്ടവനായി അദ്ദേഹത്തെ കുരിശിലേറ്റാനുള്ള അടിസ്ഥാന കാരണവും ഇതാണ്‌. മനുഷ്യനു ബുദ്ധിയുണ്ടെങ്കിൽ ഇന്നേ ദിവസം അവൻ വിജയത്തിന്റെയും ഹർഷാരവങ്ങളുടെയും സംഗീതങ്ങളാലപിച്ച് ആഹ്ലാദിക്കുമായിരുന്നു.

ഓ, ക്രൂശിതനും തന്റേടിയുമായ പ്രഭോ, താങ്കൾ ജൽജലാ പർവ്വതത്തിന്റെ ഉത്തുംഗ ശൃംഗത്തിൽ നിന്നു കൊണ്ട് തലമുറകളുടെ പരേഡുകൾ വീശ്ചിക്കുന്നു, സമൂഹങ്ങളുടെ ഇരമ്പൽ കേൾക്കുന്നു, അനശ്വര സ്വപ്നങ്ങളെ മനസ്സിലാക്കുന്നു.

ചോരയിൽ കുളിച്ച മരക്കുരിശിൽ കിടയ്ക്കുന്ന അങ്ങേയ്ക്ക് ആയിരം സാമ്രാജ്യങ്ങളിലെ ആയിരം സിംഹാസനങ്ങളിലെ ആയിരം രാജാക്കന്മാരേക്കാൾ അന്തസ്സും ആഭിജാത്യവുമുണ്ട്.
ഈ നൊമ്പരങ്ങളെല്ലാമുണ്ടായിട്ടും താങ്കൾ പൂക്കൾ വിരിഞ്ഞ വസന്തത്തേക്കാൾ ഉന്മേഷവാനായിരിക്കുന്നു. ഈ വേദനകൾക്കു നടുവിലും ആകാശത്തിലെ മാലാഖമാരെക്കാൾ ശാന്തനായിരിക്കുന്നു. ആരാച്ചാരുമാർക്കു നടുവിലും സൂര്യപ്രകാശത്തേക്കാൾ സ്വതന്ത്രനുമായിരിക്കുന്നു.

അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുൾക്കിരീടം (പേർഷ്യൻ രാജാവ്) ബഹ്‌റാമിന്റെ കിരീടത്തേക്കാൾ മനോഹരവും പവിത്രവുമാണ്‌. അങ്ങയുടെ ഉള്ളംകൈകളിൽ തറച്ച ആണികൾ ജുപ്പിറ്റർ ദേവന്റെ ഗഥയേക്കാൾ മഹത്തരമാണ്‌. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങൾ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാൾ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കൾക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കൾക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവർക്കറിയില്ല എങ്ങനെയാണ്‌ അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവർക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്.

5 comments:

Echmukutty said...

ഈ ശ്രമം നന്നായി.
ആശംസകൾ.

Sureshkumar Punjhayil said...

:)
Best Wishes...!!!

Mammootty Kattayad said...

അഭിപ്രായത്തിനു നന്ദി സോണ, ‘പരിഭാഷ പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല‘ എന്നു പറയാൻ കാരണം എന്താണെന്നു മനസ്സിലായില്ല. ഒറിജിനൽ ടെക്സ്റ്റുമായി താരത‌മ്യം ചെയ്തു നോക്കിയോ?. അക്ഷര പിശചുകള്‍ (പിശകുകൾ എന്നായിരിക്കും)പറ്റിപിടിച്ചു കിടപ്പുണ്ട് എന്നും പറഞ്ഞു കണ്ടു. അവ ഏതാണെന്നു ചൂണ്ടിക്കാണിച്ചു തരണം. ഞാനെത്ര നോക്കിയിട്ടും കാണുന്നില്ല. (സ്ത്രീയാകുന്നു മനുഷ്യത്വം. മൗഷ്യത്വം ഒരു) എന്നിടത്ത് ‘മൗഷ്യത്വം‘ എന്നെഴുതിയത് മാത്രമേ പിശകായി ഞാൻ കാണുന്നുള്ളൂ. എന്റെ മലയാളം ജ്ഞാനം വളരെ പരിമിതമാണ്. എന്ന് - മമ്മൂട്ടി കട്ടയാട്.

Ranjith chemmad / ചെമ്മാടൻ said...

നല്ല ശ്രമത്തിന് നന്ദി....

Anonymous said...

പുതിയ ഒരു അറിവ് ലഭിച്ച്... നന്ദി...